പ്രിയപ്പെട്ട അന്നമ്മയ്ക്ക് - 1
ഭാഗം ഒന്ന്
"പ്രിയപ്പെട്ട അന്നമ്മയ്ക്ക്,
നിനക്ക് സുഖമെന്നു കരുതുന്നു. നീയും കുടുംബവും ഇപ്പോൾ ബനാറസിൽ ആണെന്ന് അറിഞ്ഞു. ഏറെ നാൾ മുൻപ് പറയണം എന്ന് വെച്ച ചില കാര്യങ്ങൾ മനസ്സിൽ ഇപ്പോഴും കിടന്നു പിടക്കുകയാണ്. കാലം കഴിഞ്ഞുപോയി എന്നറിയാം. എങ്കിലും ഉള്ളിലുള്ള കാര്യം മരിക്കുന്നതിനു മുൻപ് ഒരുവട്ടം എങ്കിലും നീ അറിയണം എന്നുണ്ട്. അതിനാൽ ആണ് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.
നിനക്കു അറിയാമല്ലോ നമ്മൾ ഒരേ കോളേജിൽ ആയിരുന്നു പഠിച്ചത് എന്ന്. അന്ന് എന്‍റെ കൂട്ടുകാരന്‍റെ ക്ലാസ്സ്മേറ്റ് എന്ന നിലയിൽ നിന്നെ പരിചയപ്പെട്ട നിമിഷം മുതൽ നീ എന്‍റെ ഹൃദയത്തിൽ ഇടം നേടിയതാണ്. എങ്കിലും എനിക്കു നിന്നോട് അത് തുറന്നു പറയുവാൻ ഭയമായിരുന്നു. ആ ഭയം എന്നെ നിന്നിൽ നിന്നും അകറ്റി. കാലം ഇത്ര കഴിഞ്ഞു. ഞാനും നീയും രണ്ടു തട്ടിലായി. എങ്കിലും നിന്നോടുള്ള എന്‍റെ ഇഷ്ടം ഹൃദയത്തിൽ നിന്നും മായുന്നില്ല. അന്ന് പറയാതെ പോയതിന്‍റെ കുറ്റബോധം ഇപ്പോഴും എന്‍റെ ഉള്ളിൽ അലയടിക്കുകയാണ്. ഇനി നാം ഒരുമിക്കുക എന്നത് സാധ്യമല്ല. എനിക് ഒരു കുടുംബം ഉണ്ട്. വിവാഹം കഴിഞ്ഞ അന്ന് തന്നെ എന്‍റെ ഭാര്യയോട് എല്ലാം തുറന്നു പറഞ്ഞിരുന്നു. അവളാണ് എന്നെ ആ ഒരു വിഷമത്തിൽ നിന്നും കരകയറുവാൻ സഹായിച്ചത്. പക്ഷെ ഇപ്പോൾ അവൾ എന്‍റെ കൂടെ ഇല്ല. മരണത്തിന് തൊട്ടു മുൻപ് അവൾ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. അവൾ പോയാലും ഈ കാര്യം ഓർത്തു നീറി ഇരിക്കരുത് എന്നു. അതിനാൽ ആണ് നിന്നോട് ഇതു പറയുന്നത്. എനിക് നിന്നെ ഇഷ്ടമായിരുന്നു. ഒരുപാട്... ഇപ്പോൾ അത് ഒരു തമാശയായി തോന്നാം. എങ്കിലും എനിക് അന്നു അത് പറയാതെ ഇരുന്നത് ഒരു നഷ്ടബോധം ആയി മനസ്സിലുണ്ട്. നീ ഇത് വായിക്കുമോ എന്നറിയില്ല. എങ്കിലും ഞാൻ എഴുതുകയാണ്. ഒരു നഷ്ടപ്രണയത്തിന്റെ നൊമ്പരം പോലെ....
എന്ന്
ഫിലിപ്പ് ചാക്കോ"
മുൻപിലിരുന്ന ആ വെള്ള കടലാസ്സിൽ തന്‍റെ വിറക്കുന്ന കൈകളാൽ മനസ്സിലുള്ള കാര്യങ്ങൾ എഴുതി വെച്ചപ്പോൾ ആ മനുഷ്യന് എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു. നെഞ്ചിൽ നിന്നും ഒരു കല്ലെടുത്ത് ഇറക്കി വെച്ചപോലെ. കസേരയിലേക്ക് ചാഞ്ഞു കിടന്നു മുക്കാലും നര കയറിയ തന്‍റെ തലയിൽ വിരലുകളോടിച്ചു കൊണ്ട് റിട്ടയേഡ് സ്കൂൾ അധ്യാപകൻ ഫിലിപ്പ് ചാക്കോ എന്ന ഫിലിപ്പ് സാർ പഴയ ഓർമകളിലേക്ക് വഴുതി വീഴുവാൻ തയാറായി. ആ സമയം അദ്ദേഹം തന്‍റെ ഹൃദയഭാരം ഇറക്കി വെച്ച ആ കത്ത് തന്‍റെ പൂർവികരെ പോലെ ചവറ്റു കൊട്ടയിലേക്ക് യാത്രയാകുവാൻ സമയം പാർത്തു മേശമേൽ കിടന്നു. അറുപത് തികയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തന്‍റെ ഇരുപതുകളിൽ തോന്നിയ ആ ഭ്രാന്തിന്‍റെ പുറകെ മനസിനെ പായിച്ചു കൊണ്ട് ഭൂതകാലത്തേക്ക് ഫിലിപ്പ് സാർ യാത്രയായി. ഒരുപാട് കാലം തന്നെ വേട്ടയാടിയ ആ മുഖത്തിന്‍റെ ഓർമകളിലേക്ക്.
(തുടരും.....)
Well done. Keep it up. 👌🏻👌🏻
ReplyDeleteനന്നായിരിക്കുന്നു. തുടരുക, ഭാവുകങ്ങൾ!
ReplyDeleteExcellent 👌🏻👌🏻
ReplyDelete