പ്രിയപ്പെട്ട അന്നമ്മയ്ക്ക് - 2
"കോളേജ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ ഇറങ്ങാൻ ഉള്ളവർ പോര് പോര് പോരെ...." പ്രൈവറ്റ് ബസ്സിലെ കിളിയുടെ ശബ്ദം ആ സൈഡ് സീറ്റിൽ ഉറങ്ങി കിടന്നിരുന്ന ഫിലിപ്പിന്റെ കാതുകളിലേക്ക് എത്തി. കൂടെ ആരോ പുറത്തു തട്ടി വിളിക്കുന്ന പോലെയും തോന്നി. "ഡാ.. മതി ഉറങ്ങിയത്. എന്നീറ്റ് വന്നേ.. സ്റ്റോപ്പ് ആയി." കണ്ണു തുറന്നു നോക്കിയ ഫിലിപ്പ് കണ്ടത് ഒന്നാം ക്‌ളാസ് മുതൽ തൻ്റെ കൂടെ ഉള്ള രാജനെ ആയിരുന്നു. അപ്പോഴാണ് ഫിലിപ്പിന് സ്ഥലകാലബോധം ഉണ്ടായത്. താൻ സ്കൂൾ ജീവിതം പിന്നിട്ട് കലാലയ ജീവിതത്തിലേക്ക് കാൽ വെച്ചിരിക്കുന്നു. കോളജിലെ തൻ്റെ ആദ്യ ദിനം. ബോധം തിരികെ എത്തിയപ്പോൾ ഫിലിപ്പ് പെട്ടന്ന് സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു രാജൻ്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി. "എന്തൊരു ഉറക്കമാണപ്പാ ഇത്? പോത്ത് പോലും ഇങ്ങനെ ബോധം കെട്ടുറങ്ങില്ല." കിട്ടിയ തക്കത്തിന് രാജൻ ഫിലിപ്പിന് ഇട്ടൊന്ന് കൊട്ടി. "പോടാ... ഇന്നലെ ആ ബുക്ക് വായിച്ചു സമയം പോയത് അറിഞ്ഞില്ല. കിടക്കാൻ താമസിച്ചു." ഫിലിപ്പ് തൻ്റെ ഭാഗം പ്രതിരോധിച്ചു കൊണ്ട് മറുപടി നൽകി. അങ്ങനെ ഒന്നും രണ്ടും പറഞ്ഞുകൊണ്ട് അവർ ബസ്സ് സ്റ്റോപ്പിൽ നിന്നും കോളേജ് ലക്ഷ്യമാക്കി നടന്നു.
************************
"ഹോ.. ഇനി ഇവിടെ ആണ് നാലു വർഷം. അടിച്ചു പൊളിക്കണം." രാജൻ ഫിലിപ്പിനോട് പറഞ്ഞു. പൊതുവേ അത്ര സംസാരിക്കാത്ത ആളായ ഫിലിപ്പ് തന്റെ ശൈലിയിൽ ഒന്ന് മൂളുക മാത്രം ചെയ്തു. "എന്റെ പൊന്നു ഫിലിപ്പേ.. കോളേജിൽ ആയി. ഇനി എങ്കിലും നീ ഒന്ന് ഈ മിണ്ടാപ്പൂച്ച സ്വഭാവം ഒന്ന് മാറ്റ്. അല്ലേൽ പെൺപിള്ളേര് ഒന്നും തിരിഞ്ഞു കൂടി നോക്കില്ല." ചിരിച്ചു കൊണ്ട് രാജൻ ഫിലിപ്പിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു. "നോക്കണം. പക്ഷേ അങ്ങനെ മാറിയാൽ ഞാൻ ഞാൻ അല്ലാതെ ആകില്ലേ?'' ഫിലിപ്പിന്റെ മറുപടി രാജൻ പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു. "നീയെ.. നീ ഒരിക്കലും നന്നാവില്ല.. നിന്നോട് പറഞ്ഞിട്ട് കാര്യമില്ല .. ബാ ക്ലാസ് കണ്ടു പിടിക്കാം." രണ്ടാളും ചിരിച്ചു കൊണ്ട് കോളേജ് വരാന്തയിലേക്ക് കയറി. "ഒന്നു നിക്കണേ .." പെട്ടന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം അവർക്ക് പിന്നിൽ ഉയർന്നു. രാജനും ഫിലിപ്പും തിരിഞ്ഞു നോക്കി. കയ്യിൽ രണ്ടു പുസ്തകങ്ങളും തോളിൽ ഒരു ബാഗുമായി തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന പെൺകുട്ടിയെ നോക്കി അവർ നിന്നു.
(തുടരും.....)
Comments
Post a Comment