പ്രിയപ്പെട്ട അന്നമ്മയ്ക്ക് - 3

"ഒന്നു നിക്കണേ.." രാജനും ഫിലിപ്പും തിരിഞ്ഞു നോക്കി. കയ്യിൽ ഉള്ള പുസ്തകങ്ങൾ താഴെ വീഴാതെ നോക്കിക്കൊണ്ട് തങ്ങളുടെ അടുത്തേക്ക് തിടുക്കത്തിൽ നടന്നു വരുന്ന ആ പെൺകുട്ടിയെ അവർ നോക്കി നിന്നു. "ഫസ്റ്റ് ഇയർ ബി എ മലയാളം ക്ലാസ്സ്റൂം എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ?" ആ പെൺകുട്ടി അവരോട് ചോദിച്ചു. "ആഹാ.. അതിനായിരുന്നോ വിളിച്ചത്? ഞാൻ അങ്ങോട്ടാ.. നമുക്ക് ഒരുമിച്ച് തപ്പാം." രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഹാവൂ. ആശ്വാസമായി. ഈ കോളേജിൽ ആരെയും പരിചയമില്ല. അതുകൊണ്ട് പേടിച്ചു നിക്കുവായിരുന്നു ഞാൻ. എന്റെ പേര് ആനി." അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "വാടാ കൂടെ ക്ലാസ് തപ്പാൻ ഒരാളായി. ഞാൻ രാജൻ. ഇവൻ ഫിലിപ്പ്." ഒന്നും മിണ്ടാതെ ആ പെൺകുട്ടിയെ നോക്കി ചിരിക്കുക മാത്രം ചെയ്ത ഫിലിപ്പിനെ ചൂണ്ടികാണിച്ചുകൊണ്ട് രാജൻ പറഞ്ഞു. "ഇവൻ നമ്മുടെ കൂട്ടത്തിൽ അല്ല കേട്ടോ.. ആള് പരിഷ്കാരി ആണ്. ബി എ ഇംഗ്ലീഷ്." കിട്ടിയ അവസരത്തിൽ തനിക്കിട്ട് കൊട്ടിയ രാജന് ഒരു ചെറിയ തട്ട് കൊടുത്തുകൊണ്ട് ഫിലിപ്പ് തന്റെ നീരസം പ്രകടമാക്കി. പിന്നെ ആനിയുടെ നേരെ നോക്കികൊണ്ട് പറഞ്ഞു, "ഞാൻ പരിഷ്കാരി ഒന്നുമല്ല, ഇംഗ്ലീഷ് ഭാഷ എനിക്ക് ഇഷ്ടം ആണ്. അത്ര തന്നെ." കൂടുതൽ ഒന്നും പറയാൻ നിക്കാതെ ഫിലിപ്പ് ക്ലാസ് മുറി അന്വേഷിക്കാം എന്നു പറഞ്ഞു അവിടുന്നു പോകാൻ തുടങ്ങി. പെൺകുട്ടികളെ കാണുമ്പോൾ പൊതുവേ നാണം കുണുങ്ങിയായ ഫിലിപ്പ് കൂടുതൽ ഉൾവലിയുന്ന കാര്യം രാജന് നേരത്തെ തന്നെ അറിയാമായിരുന്നത് കൊണ്ട് അവൻ കൂടുതൽ ഒന്നും പറയാതെ കൂടെ ചേർന്നു. ആനിയും അവരോടൊപ്പം കൂടി. 


                   ****************************


ക്ലാസ്സുകൾ കണ്ടെത്തിയതിന് ശേഷം അവർ പിരിഞ്ഞു. ഫിലിപ്പ് തൻ്റെ ബി എ ഇംഗ്ലീഷ് ക്ലാസ്സിലേക്കും, രാജനും ആനിയും തങ്ങളുടെ ബി എ മലയാളം ക്ലാസ്സിലേക്കും. പക്ഷേ ക്ലാസ്സിലേക്ക് നടന്നു കയറുമ്പോഴും ഫിലിപ്പിൻ്റെ മനസ്സിൽ ചോദ്യങ്ങൾ ഉയർന്നുകൊണ്ട് ഇരിക്കുകയായിരുന്നു. അവനു ഇതുവരെ മനസ്സിൽ ഉയർന്നു വരാത്ത ചില ചോദ്യങ്ങൾ. ഫിലിപ്പിന് പക്ഷേ ആ ചോദ്യങ്ങൾ എന്തെന്നു മനസ്സിലാകുന്നുമില്ല. എന്തോ വിചിത്രമായ ഒരു അനുഭൂതി അവൻ്റെ മനസ്സിലേക്ക് കടന്നു കൂടിയിരിക്കുന്നു. പുതിയ കളാലയത്തിലേക്ക് ഉള്ള ജീവിതത്തിൻ്റെ പറിച്ചുനടൽ ആണോ, അതോ പുതിയ അന്തരീക്ഷത്തിലേക്ക് മനസ്സിൻ്റെ ഇഴുകിച്ചേരലോ? കുട്ടിക്കാലം മുതൽ ഒരുമിച്ചു ഇരുന്നു പഠിച്ച സുഹൃത്തിൻ്റെ അസാനിദ്ധ്യമോ അതോ പുതിയ ആളുകളുടെ സാനിദ്ധ്യമോ? ഫിലിപ്പിൻ്റെ തലച്ചോർ ഓരോ സാധ്യതകളും കീറിമുറിച്ചു പരിശോധിക്കുവാൻ തുടങ്ങി. ഏതോ സ്വപ്നലോകത്തെന്നപോലെ ഫിലിപ്പ് നടന്നുചെന്നു ക്ലാസ്സ് മുറിയിലെ ഒരു ബെഞ്ചിൽ സ്ഥാനം പിടിച്ചു. അപ്പോഴും അവൻ്റെ മനസ്സ് കലുഷിതമായിരുന്നു. 

"ഹേയ്, എന്താണ് കൂട്ടുകാരാ? താൻ ഈ ലോകത്ത് ഒന്നുമല്ലല്ലോ?" പെട്ടന്ന് ഫിലിപ്പ് തിരികെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. "ങ്ങേ?" തൻ്റെ മുൻപിൽ കിടക്കുന്ന ഡസ്‌ക്കിലേക്ക് രണ്ടു കയ്യും കുത്തി നിന്നുകൊണ്ട് ആ ചോദ്യമുന്നയിച്ച ചെറുപ്പക്കാരനിലേക്ക് ഫിലിപ്പിൻ്റെ നോട്ടം ചെന്നു നിന്നു.

Comments

Popular posts from this blog

Sully's Future - 3